ബഗ്ദാദ് എന്നെ തളർത്തിക്കളഞ്ഞു
കാഴ്ചകൾ ആദ്യന്തം
അവശനാക്കി
കാലുകളെ
ദുർബലവും
ലക്ഷ്യബോധമില്ലാത്തതുമാക്കി
കൺകോണുകളിൽ
സമുദ്രങ്ങൾ പൊട്ടിയൊഴുകി
ഗതകാലം തേരോടിച്ചു പോയ
രാജകീയ മൺപാതകളിലെ
വെടി മരുന്നിന്റെ ഗന്ധം
ചിന്തകളെ മൂടി
യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും
സമൃദ്ധമായിരുന്ന തടങ്ങൾ
കണ്ണീർ വാർക്കുന്നത്
കണ്ടു നിൽക്കാനാവാതെ
ഞാനിറങ്ങി വേച്ചുവേച്ചു നടന്നു
നാല് ലോക സംസ്കാരങ്ങളുടെ
കളിത്തൊട്ടിലായ നഗരമേ
വിജ്ഞാനം കൊണ്ട്
ലോകത്തിന്
എക്കാലത്തും വെളിച്ചം പകർന്ന
ഗ്രന്ഥശാലകളേ
സർവകലാശാലകളേ
കവിതയും കലയും
ടൈഗ്രീസിനൊപ്പം
സമൃദ്ധമാക്കിയ ഫലഭൂയിടങ്ങളേ
മംഗോളുകളെയും കൊളോണിയലുകളെയും അതിജീവിച്ച
ധീര നഗരമേ
നുണകളുടെ
കൂട്ടനശീകരണായുധങ്ങൾ കൊണ്ട്
ഈ നൂറ്റാണ്ടിലും അവർ
നിന്നെ ഉഴുതുമറിച്ചതു കണ്ട്,
ദശലക്ഷക്കണക്കിന്
പൈതങ്ങൾ
പൈദാഹം സഹിക്കാഞ്
വീണുമരിച്ചതു കണ്ട്,
കൺകുളിർമയായിരുന്ന നിന്റെ
ഒലീവു തോട്ടങ്ങൾ
പുതിയ മഖ്ബറകളാകുന്നതു കണ്ട്,
ടൈഗ്രീസ് മഞ്ഞച്ചതു കണ്ട്,
ബാക്കി വന്ന കുഞ്ഞു കണ്ണുകളിൽ
ചോര പൊടിയുന്നതു കണ്ട്,
നിന്റെ ആകാശത്തിനു മേൽ
സൂര്യൻ നിറം മങ്ങിയതു കണ്ട്,
നിരാശയുടെയും മോഹഭംഗങ്ങളുടെയും
വരണ്ട നോട്ടങ്ങൾക്കുമേൽ
പൊടിക്കാറ്റു വന്നു മൂടുന്നതു കണ്ട് ...
കണ്ടു കണ്ട്
എന്റെ കണ്ണുകൾ
കടലാഴം നിറയുന്നു
ചോര പൊട്ടിയൊഴുകുന്നു
ഹൃദയം വിണ്ടുകീറുന്നു
മിമ്പറുണ്ടാക്കി കാത്തിരുന്ന
ധീര യോദ്ധാവേ
നിന്റെ മക്കൾക്കു വേണ്ടി
ഈത്തപ്പനയോല വിരിച്ച്
ഒലിവ് കൊമ്പുകൾ വീശി സ്വാഗതം ചെയ്ത്
ഇവിടൊരു വീരനഗരം
കാത്തിരിപ്പുണ്ട്
അവൻ വരും
പുതു നാഗരികത പുണരും
അവശിഷ്ടങ്ങളിൽ നിന്ന്
ബഗ്ദാദ് ഉയിർത്തെഴുന്നേൽക്കും
ടൈഗ്രീസിൽ
തെളിനീരൊഴുകും
ഒലിവു തോട്ടങ്ങൾ
വീണ്ടും തളിർക്കും
വീണ്ടുകീറിയ ഹൃദയങ്ങളുടെ
മുറിവുണങ്ങും ...
അന്നെന്റെ ഹൃദയം
സ്വർഗത്തിലിരുന്നും പാടും
ഒരു കാത്തിരിപ്പും
വെറുതെയാവില്ല തന്നെ
- അനാവർ