2023, മേയ് 16, ചൊവ്വാഴ്ച

മുസല്ലകൾ

*മുസല്ലകൾ*
(മഹാമാരിക്കാലത്ത്)

മുസല്ലകൾ 
പലതാണ് 
പള്ളിയിൽ

ചിലത്
നീണ്ടു പരന്നൊരു
ആഴക്കടൽ പോലെ
(ബഹറിൽ മുസല്ലയിട്ടതു മാതിരി)

മറ്റു ചിലത്
ചുളുങ്ങിച്ചുരുങ്ങാതെ
ചതുര വടിവിൽ
ഇപ്പൊൾ ഇസ്തിരിയിട്ടത് പോലെ
(ഒരാഴ്ചയായിക്കാണണം നിവർത്തിയിട്ട്)

വശങ്ങൾ ഉയർന്നു പൊങ്ങി
നടുകുഴിഞ്ഞ്
വഞ്ചിപോലെയും ചിലത്
(സ്വഛന്ദ നദിയിൽ തുഴയുന്നതാവാം)

കള്ളിമുൾ ചെടി പോലെയും
പുഷ്പിച്ച വസന്തം പോലെയും
വേറെ കുറേ
(പരിഭവങ്ങളോട് ചേർത്തുപിടിച്ചവ)

ഉള്ളിത്തോലു പോലെയുമുണ്ട്
ഉണ്ടെന്നും ഇല്ലെന്നും 
മനനപ്പെടാവുന്നവ
(ഉൾക്കാഴ്ചയെങ്കിൽ അകം പുറം കാണാം) 

പട്ടു പോലെയും
പതുപതുത്തും
ചിത്രാലംകൃതവും
(ആഘോഷമാകുന്നു ജീവിതം സദാ)

......
......
......

കുറച്ചേയുള്ളൂ
മുഷിഞ്ഞ് ചുളിഞ്ഞ്
പഴന്തുണി പോലെ

കണ്ണീരു പിഴിഞ്ഞ്
വിയർപ്പു തുടച്ച്
വെയിലത്താറിയിടാൻ
മറന്ന പോലെ

എത്തായറ്റങ്ങൾ 
എത്തിപ്പിടിക്കാനാഞ്ഞ്
അറ്റം പിന്നിയ
സ്വപ്നങ്ങൾ പോലെ

എണ്ണമെഴുക്കും
മരുഭൂ മണവും ചേർന്ന
സുജൂദിടങ്ങളിൽ
ഓട്ട വീണ്
പ്രാർത്ഥനകളൊക്കെയും
ഭൂമി മുഴുക്കെയും
തൂവിച്ചിതറിയ പോലെ

കുറച്ചേയുള്ളൂ
മേലേക്കുയരുന്ന കരച്ചിലുകൾ
കിന്നരി തീർത്ത
നിറമില്ലാത്ത
മയമില്ലാത്ത
അർത്ഥനകൾ
'മുസല്ല'കൾ

--------------------------

അനാവർ
21 January 2022

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ